കാനഡയിൽ പരിശീലന പറക്കൽ നടത്തുന്നതിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ഉൾപ്പെടെ രണ്ടുപേർ മരിച്ചു. കാനഡയിലെ മാനിടോബയിൽ സ്റ്റൈൻബാക് സൗത്ത് എയർപോർട്ടിന് സമീപം ചൊവ്വാഴ്ച രാവിലെ 8.45-നാണ് അപകടം സംഭവിച്ചത്. കൊമേഴ്സ്യൽ പൈലറ്റാകാനുള്ള പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീഹരിക്ക് ദാരുണാന്ത്യമുണ്ടായത്.
റൺവേയിലേക്ക് പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള (Touch-and-Go) പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്ന് ഹാർവ്‌സ് എയർ പൈലറ്റ് ട്രെയ്‌നിങ് സ്കൂളിൻ്റെ പ്രസിഡൻ്റ് ആഡം പെന്നർ അറിയിച്ചു. ശ്രീഹരിയുടെയും സഹപാഠിയും കാനഡ സ്വദേശിനിയുമായ സാവന്നയുടെയും വിമാനങ്ങളാണ് ആകാശത്തുവച്ച് പരസ്പരം കൂട്ടിയിടിച്ചത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, വിമാനങ്ങൾക്കിടയിലുണ്ടായ ആശയവിനിമയത്തിൽ സംഭവിച്ച പിഴവാണ് ഈ അപകടമുണ്ടാക്കിയത്.
വിമാനങ്ങൾ തമ്മിലുള്ള അകലം പാലിക്കാനും വ്യക്തമായ ആശയവിനിമയം നടത്താനും കർശന നിയമങ്ങളുണ്ടായിട്ടും ഈ വീഴ്ച സംഭവിച്ചത് അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്. ആശയവിനിമയ സംവിധാനങ്ങളിലെ തകരാറ് മൂലമോ, പൈലറ്റുമാർക്ക് എതിർദിശയിലെത്തിയ വിമാനം കാണാൻ കഴിയാതെ പോയതുകൊണ്ടോ ആകാം ദുരന്തമുണ്ടായതെന്നാണ് സൂചന.
എയർപോർട്ടിൽ നിന്ന് പെട്ടെന്ന്പറന്നുയർന്നതിന് ശേഷം ആകാശത്തുവച്ച് കൂട്ടിയിടിച്ച രണ്ട് വിമാനങ്ങളും തീപിടിച്ച് എയർ സ്ട്രിപ്പിന് 400 മീറ്റർ അകലെ ഒരു പാടത്താണ് തകർന്നുവീണത്. വിമാനങ്ങളുടെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത് അപകടത്തിൻ്റെ തീവ്രത വ്യക്തമാക്കുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ തൽക്ഷണം മരിച്ചിരുന്നു.