ടിക്കറ്റ് നല്‍കുന്ന റെയില്‍വേ കൗണ്ടറുകള്‍ പൂട്ടാന്‍ നീക്കം. കൗണ്ടറിലെ സ്ഥിരംജീവനക്കാരെ റയിൽവേ പിൻവലിക്കാനും ഉദ്ദേശിക്കുന്നുണ്ട് . ടിക്കറ്റ് നല്‍കാനായി കൂടുതല്‍ സ്വകാര്യ ഏജന്‍സികളെ നിയമിക്കുന്നതിനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് നല്‍കാന്‍ സ്റ്റേഷനുകളില്‍ മൊബൈല്‍ യുടിഎസ് (എം-യുടിഎസ്) സഹായകിനെ നിയമിക്കുന്നു. നിലവില്‍ തിരഞ്ഞെടുത്ത സ്റ്റേഷനുകളിലാണ് പൈലറ്റ് പദ്ധതി വരുന്നത്. ഇത് പിന്നീട് വ്യാപിപ്പിക്കും. ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റുകയാണ് ലക്ഷ്യം. കരാര്‍ വിളിച്ചാണ് യുടിഎസ് സഹായകിനെ നിയമിക്കുന്നത്.
നിലവില്‍ റെയില്‍വേ സ്റ്റേഷനകത്തും പുറത്തും സ്വകാര്യ ഏജന്‍സികള്‍ സാധാരണ ടിക്കറ്റ് വില്‍പ്പന നടത്തുന്നുണ്ട്. ജനസാധാരണ്‍ ടിക്കറ്റ് ബുക്കിങ് സേവക് കൗണ്ടറുകള്‍ (ജെടിബിഎസ്) അതില്‍ പ്രധാനമാണ്. 2019 മുതലാണ് ജെടിബിഎസ് ശക്തമായത്. ഇതിനുപിന്നാലെ സ്റ്റേഷനുള്ളില്‍ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍ (എടിവിഎം മെഷീന്‍) വന്നു.
ഇതിനുപിന്നാലെ സ്റ്റേഷനുള്ളിലേക്കും ഏജന്‍സികളെത്തി. സ്റ്റേഷന്‍ ടിക്കറ്റ് ബുക്കിങ് ഏജന്റ് (എസ്ടിബിഎ) എന്നാണ് പേര്. കേരളത്തിലെ പല സ്റ്റേഷനുകളിലും എസ്ടിബിഎ ഏജന്റുമാരാണ് നിയന്ത്രിക്കുന്നത്.
അടുത്തത് സാധാരണ ടിക്കറ്റ് നല്‍കുന്ന യുടിഎസ് കൗണ്ടറാണ്. ഇത്തരം സ്റ്റേഷനുകളില്‍ രാത്രി സ്റ്റേഷന്‍മാസ്റ്ററാണ് ടിക്കറ്റ് നല്‍കേണ്ടത്. ഇത് സുരക്ഷയെ ഉള്‍പ്പെടെ ബാധിക്കുമെന്ന് റെയില്‍വേ നിരീക്ഷിച്ചിരുന്നു. ടിക്കറ്റുകളുടെ വില്‍പ്പന, വണ്ടികളുടെ യാത്രാവിവരങ്ങള്‍ നല്‍കല്‍ എന്നിവ സ്റ്റേഷന്‍ മാസ്റ്ററില്‍നിന്ന് ഒഴിവാക്കാനും കൂടിയാണ് തീരുമാനം.