നിങ്ങൾ ഒരു കാപ്പി സ്നേഹിയാണോ അങ്ങനെയെങ്കിൽ ഒരു കിടിലൻ റെസിപ്പി പരീക്ഷിക്കാം. കാപ്പിപ്പൊടിയും നാരങ്ങയും തേനും ഒക്കെ ചേർത്ത് ഉന്മേഷം പകരുന്ന ഒരു ഹണി ലെമൺ ഐസ്‌ഡ് കോഫിയാണിത്. വെറും അഞ്ച് മിനിട്ടിൽ തയ്യാറാക്കാവുന്ന ഈ കോഫി എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം…
ഇതിനായി വേണ്ട അവശ്യ വസ്തുക്കൾ
ഒരു കപ്പ് സ്ട്രോങ് ബ്രൂ കോഫി
ഒരു ടേബിൾസ്‌പൂൺ തേൻ
ഒരു ടേബിൾസ്‌പൂൺ ചെറുനാരങ്ങ നീര്
ഐസ് ക്യൂബുകൾ
ഒരു നുള്ള് ഉപ്പ് (ഓപ്‌ഷണല്‍)
നാരങ്ങ തൊലി (അലങ്കാരത്തിനായി ആവശ്യമെങ്കിൽ മാത്രം)
ആദ്യം ഒരു സ്ട്രോങ് കോഫി തയാറാക്കുക. ചൂടുവെള്ളത്തിൽ ബ്രൂ കോഫി ഇട്ട് മിക്‌സ് ചെയ്‌താൽ മതിയാവും. അതിന് ശേഷം ഇതു തണുക്കാൻ വയ്‌ക്കുക. ഇനി ചെയ്യേണ്ടത് ഒരു ഗ്ലാസിൽ, തേൻ ചെറുനാരങ്ങാനീരിൽ ലയിപ്പിക്കുകയാണ് (ആവശ്യമെങ്കിൽ തേൻ ചെറുതായി ചൂടാക്കാവുന്നതാണ് ഇതു എളുപ്പം തേൻ ലയിപ്പിക്കാന്‍ സഹായിക്കും).
തയ്യാറാക്കിയ ഈ മിശ്രിതത്തിലേക്ക് ഇനി ഐസ് ചേര്‍ക്കാം. ശേഷം തണുപ്പിച്ച കോഫി കൂടി ചേര്‍ത്ത് നന്നായി ഇളക്കാം. മധുരം ആവശ്യമുള്ളവർക്ക് തേൻ അധികം ചേർക്കാവുന്നതാണ്. പുളിപ്പ് കുറച്ചുകൂടെ വേണമെന്ന് തോന്നിയാല്‍ നാരങ്ങാനീരും ഒഴിക്കാം.
ഇനി തയാറാക്കി വച്ചിരിക്കുന്ന ഹണി ലെമൺ ഐസ്‌ഡ് കോഫിയിലേക്ക് നാരങ്ങ തൊലി ഗ്രേറ്റ് ചെയ്‌ത് അലങ്കരിക്കാവുന്നതാണ്. ഇതിന് ശേഷം നല്ല അടിപൊളിയായി ആസ്വദിച്ചോളൂ.
ഇനി വേണമെങ്കിൽ ഇതിലേക്ക്പാൽ അല്ലെങ്കിൽ വിപ്പിങ് ക്രീം ചേര്‍ക്കാം. എക്‌സ്‌ട്രാ ഫ്രെഷ്‌നസാണ് വേണ്ടതെങ്കില്‍ ഹണി ലെമൺ ഐസ്‌ഡ് കോഫിയിലേക്ക് ഒരല്‍പം പുതിന ഇല ഇട്ട് ഇളക്കിയാല്‍ മതി.