ഈ ജെൻ സികളുടെ പല കാര്യങ്ങളും അത്ര പിടിതരാത്തവയാണ്. ഇവരായി തന്നെ സംഭാവന ചെയ്ത പലകാര്യങ്ങളും ഈ ലോകത്തുണ്ട്. വാക്കുകൾ തുടങ്ങി പുതിയ പല സാമൂഹിക രീതികളും ഇവരുടേതായി കൊണ്ടുവന്നു. അതിൽ ഒന്നാണ് ‘ബാത്ത്‍റൂം കാംപിങ്’. ഇനി എന്താണ് ഈ ബാത്ത്റൂം കാംപിങ് എന്നറിയാം.
മാനസികസമ്മർദത്തിൽ നിന്ന് രക്ഷനേടാൻ ജോലികളുടെ ഇടവേളകളിലും സ്വന്തമായി അല്പം സമയമെടുക്കാനും ഒക്കെയായി ടോയ്ലെറ്റിലോ ബാത്ത്റൂമിലോ പോയി നിൽക്കുന്നതാണ് ബാത്ത്റൂം കാംപിങ്. ഇനി അവിടെ എന്താണ് ഇവർ ചെയ്യുന്നതെന്ന് നോക്കാം.
ബാത്ത്റൂമിൽ പോയി വെറുതെ ചിന്തിച്ചിരിക്കുക, ഫോണിൽ സ്ക്രോൾ ചെയ്തോണ്ടിരിക്കുക ഇവയൊക്കെയാണ് ഇവർ ചെയ്യുന്നത്. അതിനി വീട്ടിലായിക്കോട്ടെ, ഓഫീസിലായിക്കോട്ടെ, എന്തെങ്കിലും പ്രത്യേകം ഇവന്റുകളിലായിക്കോട്ടെ ഇത് ചെയ്യുന്നവർ ഒരുപാടുണ്ട് എന്നാണ് പറയുന്നത്. നല്ല ബാത്ത് റൂമോ ടോയ്ലെറ്റോ ഉള്ള എവിടെയും ഇത് ചെയ്യാൻ കഴിയും എന്തായാലും ഇപ്പോൾ ട്രെൻഡിംഗാണ് ഈ ബാത്ത്റൂം കാംപിങ്.
പലർക്കും, ബാത്ത്റൂം മാത്രമാണ് പൂർണ്ണമായും ഏകാന്തത ലഭിക്കുന്ന ഒരേയൊരു സ്ഥലം എന്നാണ് പറയുന്നത്. അവിടെയാകുമ്പോൾ ആരും എന്തെങ്കിലും ആവശ്യങ്ങൾ പറഞ്ഞു വരില്ല, ജഡ്ജ്മെന്റുകളില്ല എന്നാണ് വൈറലായ ഒരു ടിക് ടോക്ക് വീഡിയോയിൽ, ഹെൻഡോ എന്ന യൂസർ ഈ പുതിയ രീതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.
അതേസമയം, മാനസികമായി ഉള്ള പിരിമുറുക്കം കുറക്കാനും, പാനിക് അറ്റാക്ക് പോലെയുള്ളവയെ ചെറുക്കാനും ഒക്കെ സഹായിക്കും ഈ രീതി എന്നും പറയുന്നു. എന്നാൽ ഈ പുതിയ ട്രെൻഡിൽ വിദഗ്ധർ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അവശ്യ കാര്യങ്ങൾക്കല്ലാതെ ബാത്ത് റൂമിലോ ടോയ്ലെറ്റിലോ സമയം ചെലവഴിക്കുന്നത് പല വിധ ആരോഗ്യപ്രശ്നങ്ങളെയും വിളിച്ചുവരുത്തുമെന്ന് ഇവർ പറയുന്നു. കാരണം എത്ര വൃത്തിയായി സൂക്ഷിച്ചാലും പല തരം രോഗാണുക്കളുടെ വാസസ്ഥലമാണ് ബാത്ത് റൂമുകളും ടോയ്ലറ്റുകളും അവിടെ കൂടുതൽ സമയം ചെലവഴിക്കുന്നത് പല രോഗങ്ങളും വിളിച്ചുവരുത്തുന്നത് പോലെയാണെന്നാണ് ഇവരുടെ ആശങ്ക.