കേരളത്തിൽ എൽഡിഎഫ് ഗവൺമെന്റിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതായി സർവേ ഫലം. പകുതിയോളം ആളുകളിൽ ഇതുണ്ടെന്നുള്ളത് അമ്പരപ്പിക്കുന്ന വസ്തുതയാണ്.സ്വകാര്യ ഗവേഷണ സംവിധാനമായ വോട്ട് വൈബ് നടത്തിയ സർവേയിലാണ് ഇത്തരം കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്.
സർവേയിൽ പങ്കെടുത്തവരിൽ 47.9 ശതമാനം പേർ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടിപ്പിക്കുന്നു. 18 മുതൽ 24 വയസ്സുള്ളവരിൽ 37 ശതമാനം പേരും 55 വയസ്സിന് താഴെയുള്ളവരിൽ 45 ശതമാനത്തിലും കടുത്ത ഭരണവിരുദ്ധ വികാരമുള്ളവരാണ്. സർവേയിൽ പങ്കെടുത്തവരിൽ 62 ശതമാനം പേർ അവരുടെ സിറ്റിംഗ് എംഎൽഎമാർക്ക് വോട്ട് ചെയ്യാൻ താൽപര്യപ്പെടുന്നില്ല. 23 ശതമാനം പേർ മാത്രമേ അവർക്ക് വീണ്ടും വോട്ട് ചെയ്യാൻ താൽപര്യപ്പെടുന്നുള്ളൂ.
38.9 ശതമാനം പേർ യുഡിഎഫ് വികസന നയത്തെ ഇഷ്ടപ്പെടുന്നു. 27.8 ശതമാനം പേർ എൽഡിഎഫ് നയത്തെ 27.8 ശതമാനം പേർ ഇഷ്ടപ്പെടുന്നു. എൻഡിഎയോട് 23.1 ശതമാനം പേരും താൽപര്യം പ്രകടിപ്പിക്കുന്നതായി സർവ്വേയിൽ തെളിഞ്ഞിട്ടുണ്ട്.
യുഡിഎഫിനെ പിന്തുണക്കുന്നവരിൽ 28.3 ശതമാനം പേർ ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇഷ്ടപ്പെടുന്നു. വി ഡി സതീശനെ 15.4 ശതമാനം പേരും.
എൽഡിഎഫിനെ ഇഷ്ടപ്പെടുന്നവരിൽ 24.2 ശതമാനം പേർ കെ കെ ഷൈലജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇഷ്ടപ്പെടുന്നു. എന്നാൽ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി 17.5 ശതമാനം പേർ ആഗ്രഹിക്കുന്നുവെന്നതും കൗതുകകരമാണ്.