കോന്നി പയ്യനാമൺ ചെങ്കുളത്ത് പാറമട ഇടിഞ്ഞ് അപകടം. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു.
രണ്ടുപേർ പാറക്കല്ലുകൾക്കിടയിൽ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
ഹിറ്റാച്ചി ഓപ്പറേറ്ററും സഹായുമാണ് പാറക്കല്ലുകൾക്കിടയിൽ കുടുങ്ങിയത്. പാറമടയിൽ ജോലി നടക്കുന്നതിനിടെ, മുകളിൽ നിന്നും പാറ അടർന്ന് ഹിറ്റാച്ചിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഹിറ്റാച്ചി പാറക്കല്ലുകൾ വീണ് മൂടിപ്പോയ നിലയിലാണ്.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഒഡീഷ സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. പാറക്കല്ലുകൾ ഇടയ്ക്കിടെ അടർന്നുവീഴുന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നുണ്ട്. കോന്നി പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.
ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ ഇതുവരെ സാധിച്ചിട്ടില്ല.