ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങൾക്ക് മേൽ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിക്‌സിന്റെ അമേരിക്കൻ വിരുദ്ധ നിലപാടുകളെ പിന്തുണക്കുന്ന രാജ്യങ്ങൾക്ക് മേൽ 10 ശതമാനം അധിക നികുതി ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ എന്തൊക്കെയാണ് അമേരിക്കൻ വിരുദ്ധ നയങ്ങൾ എന്ന് ട്രംപ് വിശദമാക്കുന്നില്ല.
‘ബ്രിക്സിന്റെ അമേരിക്കൻ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനും 10% അധിക നികുതി ചുമത്തും. ഇതിൽ ഒരു വിട്ടുവീഴ്ചയുമില്ല, നന്ദി’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്. താരിഫ് ഉടമ്പടികൾ സംബന്ധിച്ച് രാജ്യങ്ങൾക്ക് ഉടനടി കത്ത് അയക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
യുഎസിന്റെ താരിഫ് നിയന്ത്രണങ്ങളെ ബ്രിക്‌സ് അപലപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണമെന്നത് വളരെ ശ്രദ്ധേയമാണ്. ട്രംപിന്റെ ഏകപക്ഷീയ താരിഫ് നയങ്ങളിൽ ആശങ്ക അറിയിച്ച ബ്രിക്‌സ് ഇത് ലോക വ്യാപാര ബന്ധങ്ങളെ തകർക്കുമെന്നും ലോക വ്യപാര സംഘടനയുടെ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയെ നേരിട്ട് പരാമർശിക്കാതെയായിരുന്നു ബ്രിക്‌സ് നിലപാട് വ്യക്തമാക്കിയത്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങൾ 2009 ൽ രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് ബ്രിക്‌സ്. പിന്നീട് ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങളും പിന്നീട് ബ്രിക്‌സ് കൂട്ടായ്മയുടെ ഭാഗമായിരുന്നു.