ടെക്സസിലെ മിന്നല്‍ പ്രളയത്തിൽ 82 പേർക്ക് ജീവൻ നഷ്ടമായതായി റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ 41 പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നുണ്ട്. വെള്ളിയാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ‘ഇത് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമാണെന്നും കാഴ്ച്ചയിൽ ഭയാനക’മാണെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, പ്രളയത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ അടുത്ത മണിക്കൂറിനുള്ളിൽ കൂടുതൽ കൊടുങ്കാറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ടെക്സസിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ ഉയരുമെന്നും ടെക്സസ് പബ്ലിക് സേഫ്റ്റി മേധാവി ഫ്രീമാൻ മാർട്ടിൻ അറിയിച്ചു.
കെർ കൗണ്ടിയിലാണ് ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായത്, ഗ്വാഡലൂപ്പ് നദിക്കരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 28 കുട്ടികൾ ഉൾപ്പെടെ ഇവിടെ മാത്രം 68 പേർ മരിച്ചു. ഹണ്ടിലെ ക്യാമ്പ് മിസ്റ്റിക്കിൽ നിന്നുള്ള 10 പെൺകുട്ടികളും ഒരു കൗൺസിലറും ഉൾപ്പെടെ നിരവധി പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്.
ട്രാവിസ് കൗണ്ടിയിൽ വെള്ളപ്പൊക്കത്തിൽ വീടുകളും വാഹനങ്ങളും തകർന്ന് ആറ് പേർ മരിച്ചു. ബർനെറ്റ് കൗണ്ടിയിൽ മൂന്ന് പേർ മരിച്ചു, അഞ്ച് പേരെ കാണാതായി. കെൻഡാൽ, വില്യംസൺ കൗണ്ടികളിൽ രണ്ട് പേരും സാൻ ആഞ്ചലോയിൽ ഒരു മരണവും സ്ഥിരീകരിച്ചു.
പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് ട്രംപ് സഹായം വാഗ്ദാനം ചെയ്തിരുന്നു. ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.വെള്ളിയാഴ്‌ച പുലർച്ചെ തുടങ്ങിയ മഴയിൽ 45 മിനിറ്റിനുള്ളിൽ 26 അടി (8 മീറ്റർ) വെളളം ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.