ഉത്തർ പ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിലുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ കയ്യടി നേടുന്നത്. ഗർഭിണിയായ സ്ത്രീക്ക് സുരക്ഷിതമായി പ്രസവിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ഇന്ത്യൻ ആർമി ഡോക്ടർ. ഝാൻസിയിലെ മിലിട്ടറി ആശുപത്രിയിലെ ഡോക്ടർ മേജർ രോഹിതാണ് സ്ത്രീക്ക് അടിയന്തര വൈദ്യസഹായം നൽകിയത്. സ്റ്റേഷനിൽ ട്രെയിനിനായി കാത്തിരിക്കുമ്പോഴാണ് ഇവർക്ക് പ്രസവവേദന അനുഭവപ്പെടുന്നത് .
ഇതുകണ്ടതോടെ സ്റ്റേഷനിലിരുന്ന ഡോക്ടർ തൻറെ യാത്രയെക്കുറിച്ച് ചിന്തിക്കാതെ സ്ത്രീയെ സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു. ഝാൻസിയിലെ വീരംഗന ലക്ഷ്മിഭായ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ആർമി മെഡിക്കൽ കോർപ്സിലെ മെഡിക്കൽ ഓഫീസറായ മേജർ ഡോ. രോഹിത് ബച്ച്വാല തന്റെ ട്രെയിനിനായി കാത്തുനിൽക്കുമ്പോഴാണ് യുവതിയുടെ ദുരവസ്ഥ കണ്ടത്.
വീൽചെയറിൽ യുവതിയെ റെയിൽവേ ജീവനക്കാരൻ തള്ളിക്കൊണ്ടുപോകുന്നത് കണ്ട് ഡോക്ടർ ഇടപെടുകയായിരുന്നു. ലിഫ്റ്റ് ഏരിയയ്ക്ക് സമീപം പ്രസവവേദന കാരണം സ്ത്രീ കുഴഞ്ഞുവീണതോടെ റെയിൽവേ സ്റ്റേഷനിൽ തന്നെ താൽക്കാലിക സംവിധാനം ഒരുക്കി പ്രസവം നടത്തുകയായിരുന്നു. ഹെയർ ക്ലിപ്പ്, പേനാക്കത്തി തുടങ്ങി ലഭ്യമായ സാധനങ്ങളുടെ സഹായത്തോടെ ശുചിത്വം ഉറപ്പാക്കിയാണ് പ്രസവം നടത്തിയതെന്ന് ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
‘പാഴാക്കാൻ സമയമില്ലായിരുന്നു. ഞങ്ങൾ ഒരു താൽക്കാലിക പ്രസവ സ്ഥലം സൃഷ്ടിച്ചു. ലഭ്യമായ സാധനങ്ങളുടെ സഹായത്തോടെ അടിസ്ഥാന ശുചിത്വം ഉറപ്പാക്കി. ആ നിമിഷം ഞാൻ അവിടെ ഉണ്ടായതിനെ ദൈവിക ഇടപെടലായാണ് കാണുന്നത്’- അദ്ദേഹം കൂട്ടിച്ചേർത്തു.