25 വർഷങ്ങൾക്കുമുമ്പ് അമേരിക്കയിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കിയതായി പ്രഖ്യാപിക്കപ്പെട്ട രോഗമാണ് അഞ്ചാം പനി അഥവാ മീസിൽസ്. എന്നാൽ ഇത് വീണ്ടും അമേരിക്കയിൽ തലപൊക്കിയിരിക്കുകയാണ്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സെന്റർ ഫോർ ഔട്ട്ബ്രേക്ക് റെസ്പോൺസ് ഇന്നൊവേഷനിൽ നിന്നുള്ള ഡാറ്റ പ്രകാരം, 2025 പകുതി പിന്നിടുമ്പോൾ യുഎസിൽ കുറഞ്ഞത് 1,277 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2019 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണത്തെ ഇത് മറികടന്നു, അന്ന് ആകെ 1,274 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു. ഈ വർഷം മാത്രം മീസിൽസ് ബാധിച്ച് മൂന്ന് പേർ മരിച്ചിട്ടുണ്ട് ഇവർ വാക്സിനേഷൻ എടുത്തിരുന്നില്ല – കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി യുഎസിലെ മീസിൽസ് മരണങ്ങളുടെ ആകെ എണ്ണത്തിന് തുല്യമാണിത്.
2000 ലാണ് യുഎസിൽ നിന്ന് മീസിൽസ് നിർമാർജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കുന്നത്. അതിന് കാരണമായത് ഒരു വർഷത്തിൽ കൂടുതൽ തുടർച്ചയായി പകർച്ചവ്യാധി ഉണ്ടായിരുന്നില്ല എന്നതാണ് . ഈ നിലയിലെത്തുന്നത് “ഒരു ചരിത്രപരമായ പൊതുജനാരോഗ്യ നേട്ടമാണ്” എന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറഞ്ഞിരുന്നു.