തലയില്ലാതെ ജീവിക്കാൻ പറ്റുമോ? പറ്റില്ലെന്നാണ് ഉത്തരമെങ്കിൽ തെറ്റി. പാറ്റകൾക്ക് തലയില്ലാതെ ഒരു ആഴ്ചയോളം ജീവിക്കാൻ കഴിയുമെന്നാണ് ഉത്തരം. ഇവയുടെ സവിശേഷമായ ശരീരശാസ്ത്രം മരണത്തെ മറികടക്കാൻ സഹായിക്കുന്നു.
എന്തുകൊണ്ടാണ് ഇവയ്ക്ക് ഇങ്ങനെ സാധിക്കുന്നതെന്ന് നോക്കാം. പാറ്റകൾ ജീവിതത്തിലെ പല നിർണ്ണായക പ്രവർത്തനങ്ങൾക്കും അവ തലയെ ആശ്രയിക്കുന്നില്ല. ഒരു പാറ്റയുടെ തല നഷ്ടപ്പെട്ടാൽ അത് പെട്ടെന്ന് മരിക്കില്ല. അതിന്റെ രക്ത ചംക്രമണ വ്യൂഹം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. പാറ്റകൾക്ക് തുറന്ന രക്ത ചംക്രമണ സംവിധാനവും താരതമ്യേനെ കുറഞ്ഞ രക്ത സമ്മർദ്ദവുമാണ് ഉള്ളത്. അതായത് വേഗത്തിൽ മരിക്കാൻ തക്കവിധം വലിയ രക്തനഷ്ടം അവയ്ക്ക് ഉണ്ടാകുന്നില്ല.കഴുത്തിലെ മുറിവ് സാധാരണയായി വേഗത്തിൽ കട്ടപിടിക്കുകയും മുറിവ്അടയുകയും ചെയ്യുന്നു.
ശ്വസന വ്യവസ്ഥയാണ് മറ്റൊന്ന് മനുഷ്യർ മൂക്കിലൂടെയും വായിലൂടെയും ശ്വസിക്കുമ്പോൾ പാറ്റകൾ അവയുടെ ശരീര ഭാഗങ്ങളിലെ ചെറിയ ദ്വാരങ്ങളിലൂടെ ശ്വസിക്കുന്നു. ‘ഡിസ്‌കവർ വൈൽഡ്‌ലൈഫ്’ പറയുന്നതനുസരിച്ച് പാറ്റയുടെ തലച്ചോറ് അതിന്റെ ശ്വസനത്തെ നിയന്ത്രിക്കുന്നില്ല,
ഏറ്റവും ശ്രദ്ധേയമായ കാര്യം പാറ്റകൾക്ക് തലച്ചോറില്ലാതെ ചലിക്കാൻ സാധിക്കും എന്നതാണ്. അതിന് കാരണം പാറ്റകളുടെ ശരീരത്തിലുടനീളമുള്ള ഗാംഗ്ലിയയ്ക്ക് നടത്തം പോലെയുള്ള അടിസ്ഥാന ചലനങ്ങളെ ഏകോപിപ്പിക്കാനും ലളിതമായ ഉത്തേജകങ്ങളോട് പോലും പ്രതികരിക്കാനും കഴിയുന്നതിനാലാണ്.
എന്നാൽ തല നഷ്ടമായാൽ അതിന് ഒരുപാട് നാൾ ജീവിക്കാൻ കഴിയില്ല. വായ ഇല്ലാത്തതുകൊണ്ട് പോഷകാഹാരവും വെള്ളവും ലഭിക്കാത്തതിനാൽ അവ പട്ടിണി മൂലമോ നിർജലീകരണം മൂലമോ മരിക്കും. തലയില്ലാത്ത പാറ്റകൾ സാധാരണയായി ഏതാനും ആഴ്ചകൾ വരെ ജീവിച്ചിരുന്നേക്കാം. ഇത് അവയുടെ പാരിസ്ഥിതിക സാഹചര്യങ്ങളെയും അവയുടെ ആരോഗ്യത്തെയും ആശ്രയിച്ചിരിക്കും. ഊർജ്ജം കുറയുമ്പോൾ അവയുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു.