ടെക്സാസിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ കുട്ടികൾ ഉൾപ്പെടെ 24 പേർ മരിച്ചതായി റിപ്പോർട്ട് . സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേരെ കാണാതാവുകയും ചെയ്തിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകിട്ടോടെ ടെക്സസിലെ കെർ കൗണ്ടിയിലെ ഗ്വാഡൽപെ നദിയിൽ പെട്ടെന്ന് വെള്ളം ക്രമാതീതമായി ഉയർന്നാണ് വലിയ ദുരന്തത്തിന് ഇടയാക്കിയത്. സമ്മർ ക്യാംപിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടികൾ ഉൾപ്പെടെ 25 ലധികം പേരെയാണ് കാണാതായത്. കാണാതായവരിൽ കുട്ടികളും ഉൾപ്പെടുന്നതായാണ് വിവരം. അതേസമയം എത്ര പേരെയാണ് പ്രളയത്തിൽ കാണാതായിരിക്കുന്നതെന്നത് വ്യക്തമല്ല.
സേർച്ച് ആൻഡ് റസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നുണ്ടെന്നും ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് വ്യക്തമാക്കി. യുഎസ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ പ്രളയത്തിൽപ്പെട്ടവരെ മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഊർജിതമാണ്.
ടെക്‌സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.അതേസമയം പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ടെക്‌സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി. മരണ സംഖ്യ ഉയർന്നേക്കാമെന്ന് ടെക്സസ് ലെഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ പാലിക്കണമെന്ന് ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടെക്സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി.
സെൻട്രൽ കെർ കൗണ്ടിയിൽ രാത്രിയിൽ കുറഞ്ഞത് 250 മില്ലിമീറ്റർ മഴ പെയ്തു. ഇതാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായത്.