അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ എയര്‍ ഇന്ത്യയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി ഇരകളുടെ ബന്ധുക്കൾ. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആരോപിക്കുന്നത്.
ആദ്യത്തെ നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് വേണ്ടി ഇരകളുടെ കുടുംബങ്ങള്‍ക്ക് എയര്‍ഇന്ത്യ ഒരു ചോദ്യാവലി കൈമാറിയിട്ടുണ്ട്. ഇത് പൂരിപ്പിച്ച് നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന് എയര്‍ ഇന്ത്യ ഭീഷണിപ്പെടുത്തുന്നു എന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. മാത്രമല്ല വിമാനദുരന്തത്തില്‍ മരിച്ച ആളെ കുടുംബം സാമ്പത്തികമായി എത്രമാത്രം ആശ്രയിച്ചിരുന്നു എന്നതടക്കമുളള വിവരങ്ങള്‍ കൈമാറാനും എയർ ഇന്ത്യ ആവശ്യപ്പെടുന്നുവെന്ന് ഇവർ പറയുന്നു.
ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റുവർട്ട്സ് എന്ന നിയമസ്ഥാപനമാണ് അപകടത്തില്‍പ്പെട്ട 40ല്‍ അധികം പേരുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്നുളളവരും ഇംഗ്ലണ്ടില്‍ നിന്നുളളവരുമായ പൗരന്മാരുണ്ട്.
എയര്‍ ഇന്ത്യയുടെ നീക്കത്തിനെതിരെ സ്റ്റുവാര്‍ട്ട്‌സ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. അഡ്വാന്‍സ് തുക ലഭിക്കുന്നതിന് വേണ്ടി ചോദ്യാവലി പൂരിപ്പിച്ച് നല്‍കണം എന്നാണ് തങ്ങളുടെ ക്ലയന്റുകളോട് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഫോം വേഗത്തില്‍ പൂരിപ്പിച്ച് കൊടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. മാത്രമല്ല ഫോമില്‍ ചില വാക്കുകളെ കുറിച്ചുളള സംശയങ്ങളും ചോദ്യങ്ങളും ദൂരീകരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറാകുന്നില്ലെന്നാണ് പ്രസ്താവനയില്‍ ആരോപിക്കുന്നത്.
നീക്കം വിവാദമായതോടെ പ്രതികരണവുമായി എയര്‍ ഇന്ത്യയും രംഗത്ത് വന്നിട്ടുണ്ട്. പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് എയര്‍ഇന്ത്യയുടെ വാദം. വിമാന ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളില്‍ നിന്നും അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് തങ്ങള്‍ തേടിയിട്ടുളളത്. അര്‍ഹതപ്പെട്ട നഷ്ടപരിഹാരം എല്ലാവരിലേക്കും എത്തുന്നത് ഉറപ്പാക്കുന്നതിന് വേണ്ടിയുളള വിവരങ്ങള്‍ മാത്രമാണ് ആവശ്യപ്പെട്ടത്. മരണപ്പെട്ട ആളെ സാമ്പത്തികമായി ആശ്രയിക്കുന്നുണ്ടോ എന്നുളള വിവരം തേടിയത് വളരെ ആവശ്യമുളളതാണെന്നും ഏറ്റവും സഹായം ആവശ്യമുളളവരിലേക്ക് അത് എത്തിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നും എയര്‍ ഇന്ത്യ വിശദീകരിക്കുന്നു.