സിഗച്ചി വ്യവസായ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. കൂടാതെ തിരിച്ചറിയാൻ വയ്യാത്ത തരത്തിലേക്ക് ശവശരീരങ്ങളും മാറ്റപ്പെട്ടു. ഡിഎൻഎ ടെസ്റ്റിലൂടെ ഉറ്റവരെ കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യത്തിലാണ് അധികൃതർ. ഇതിനിടയ്ക്ക് തന്നെ മരിച്ചവരുടെ ബന്ധുക്കൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഈ പ്രഖ്യാപനം വലിയ നാടകങ്ങൾക്ക് കാരണമായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വർഷങ്ങളായി പിരിഞ്ഞു താമസിച്ചവരും മരിച്ചവരുടെ വളരെ അകന്ന ബന്ധുക്കളും ഈ പണത്തിനായി ഓടിനടക്കുകയാണ്. മരിച്ചവരിൽ തെലുങ്കാനയിൽ നിന്ന് മാത്രമല്ല ബിഹാര്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുമുണ്ട്.. അപകടത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ഇവരുടെ വളരെ അടുത്ത ബന്ധുക്കള്‍ ഇങ്ങോട്ടേക്ക് ഓടിയെത്തിയിരുന്നു.
ഒരു തൊഴിലാളിയുടെ ഭാര്യ പന്ത്രണ്ട് വര്‍ഷമായി അയാളില്‍ നിന്ന് പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഒരു കോടി രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചതോടെ അവരും ആശുപത്രിയിലെത്തി തന്‍റെ ഭര്‍ത്താവാണ് അദ്ദേഹമെന്ന അവകാശവാദമുയര്‍ത്തിയെന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. . മരിച്ചയാളുടെ സഹോദരനും അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇവരാരും തന്നെ ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് പോലും കണക്കാക്കിയിരുന്നവരായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം യഥാര്‍ത്ഥ ബന്ധുക്കള്‍ ആരാണന്ന ആശങ്കയിലാണ് അധികൃതര്‍. സിഗാച്ചി ഫാക്‌ടറിയിലുണ്ടായ അപകടത്തില്‍ 61 പേര്‍ ദുരന്തത്തെ അതിജീവിച്ചെന്ന് ജില്ലാ കളക്‌ടര്‍ പ്രവീണ പറഞ്ഞു. 38 പേരാണ് ആകെ മരിച്ചത്. ഇതില്‍ 31 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏഴ് മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. 12 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്‌തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ 23 പേര്‍ ചികിത്സയിലുണ്ട്. ഒന്‍പത് തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കളക്‌ടര്‍ വ്യക്തമാക്കുന്നു.