മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം. മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ് കുറിപ്പ്. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്‍റ് ആണ് ജോണ്‍സണ്‍ പി.ജെ.
ഇതിനിടെ വീണാ ജോർജിനെ പരോക്ഷമായി പരിഹസിച്ച് സിപിഎം ഏരിയ കമ്മറ്റി അംഗവും രഗത്തെത്തി. പത്തനംതിട്ട സി.ഡബ്ല്യു.സി മുൻ ചെയർമാൻ അഡ്വ: എൻ രാജീവാണ് ആരോഗ്യമന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ‘കുട്ടിയായിരിക്കെ താൻ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടിൽ ഇരിക്കുമായിരുന്നു, അങ്ങനെ താൻ പരീക്ഷകളിൽ നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളിൽ നിന്നും’ എന്നാണ് രാജീവന്‍റെ പരിഹാസം. മന്ത്രി വീണാ ജോർജ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിനെയാണ് സിപിഎം ഇരവിപേരൂർ ഏരിയ കമ്മറ്റി അംഗം കൂടിയായ രാജീവ പരിഹസിക്കുന്നത്.
അതിനിടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന് പുറത്തുവന്നിരുന്നു. മന്ത്രിമാരായ വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോഗികളുടെ പ്രതികരണം. ഉപയോഗ ശൂന്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞ കെട്ടിടം ഉപയോഗിച്ചിരുന്നു എന്ന് രോഗികളും പറയുന്നു.