കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിൽ പുറത്തുവരുന്ന ഗുരുതര അനാസ്ഥയെന്ന് വാർത്ത. മാത്രമല്ല അടച്ചിട്ടിരുന്ന സ്ഥലമാണ് എന്ന മന്ത്രിമാരുടെ പ്രസ്താവന രക്ഷാപ്രവർത്തനത്തെ വൈകിച്ചുവെന്നാണ് ആരോപണം.
രക്ഷാപ്രവര്‍ത്തനം വൈകിയതിനാല്‍ രണ്ടുമണിക്കൂറിനുശേഷമാണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കണ്ടെടുക്കാനായത്.
എന്നാല്‍ ഇരുമന്ത്രിമാരുടെയും വാദം തള്ളി രോഗികളും കൂട്ടിരിപ്പുകാരും രംഗത്തുവന്നു. ഭാഗ്യംകൊണ്ടാണ് പലരും രക്ഷപ്പെട്ടതെന്ന് രോഗികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയാണുണ്ടായത്. ആരും കുടുങ്ങിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞതിനാല്‍ പരിശോധന നടത്തിയത് വളരെ വൈകിയാണ്.
മകൾക്കൊപ്പം കൂട്ടിരിപ്പുകാരിയായെത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് അപകടത്തിൽ മരിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകുന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. ഇന്നു രാവിലെ 10.45 ഓടെയായിരുന്നു അപകടമുണ്ടായത്. മൂന്നുനില കെട്ടിടത്തിലെ പതിനാലാം വാര്‍ഡിലെ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് തകര്‍ന്നത്. അപകടത്തില്‍ പരിക്കേറ്റ ഒരു കുട്ടി നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രവര്‍ത്തനരഹിതമായ, അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്.
അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി അലീന വിന്‍സന്റിന് (11) ആണ് പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാന്‍ഡറായി നില്‍ക്കുകയായിരുന്നു അലീന. പരുക്ക് ഗുരുതരമല്ല. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരന്‍ അമല്‍ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു. 10,11,14 വാര്‍ഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടന്‍ ഒഴിപ്പിച്ചു.