കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീ മരിച്ചു, രണ്ടുമണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്. പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞത് , അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മുമ്പ് രണ്ടു പേരെ രക്ഷപ്പെടുത്തി. ഉപയോഗശൂന്യമായി അടച്ചിട്ടിരുന്ന കെട്ടിടമായിരുന്നു ഇതെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. അതേസമയം, രക്ഷാപ്രവർത്തനത്തിന് വലിയ കാലതാമസമുണ്ടായെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു.
ഉപയോഗശൂന്യമായ അടച്ചിട്ട കെട്ടിടമാണ് തകർന്നു വീണതെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണതെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രതികരണം. കിഫ്ബിയിൽനിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്നും മന്ത്രി വീണ പറഞ്ഞു.
മൂന്ന് നിലകെട്ടിടത്തിന്റെ താഴത്തെ രണ്ട് നിലകളും ഉപയോഗിക്കുന്നില്ലെന്നും മുകളിലെ നിലയില്‍ മാത്രമാണ് വാര്‍ഡുള്ളതെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍ പ്രതികരിച്ചു. ഇവിടയുണ്ടായിരുന്ന നൂറിലധികം രോഗികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്നും അധികൃതര്‍ വ്യക്തമാക്കി.