ഇലോണ്‍ മസ്‌കിനെ നാടുകടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സോഷ്യൽമീഡിയയായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ടെക് കോടീശ്വരന്‍ കട അടച്ചുപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍’ മസ്‌ക് ഇടഞ്ഞതാണ് ട്രംപിന്റെ ഈ മുന്നറിയിപ്പിന് പിന്നിലുള്ള കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
”യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്നെ ശക്തമായി പിന്തുണയ്ക്കുന്നതിന് വളരെ മുമ്പ് തന്നെ, ഞാന്‍ ഇലക്ട്രിക് വാഹനം നിര്‍ബന്ധമാക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന കാര്യം ഇലോണ്‍ മസ്‌കിന് അറിയാമായിരുന്നു. അത് പരിഹാസ്യമാണ്. എന്റെ പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു അത്.
ഇലക്ട്രിക് കാറുകൾ നല്ലതാണ്. എന്നാല്‍ എല്ലാവരും അത് വാങ്ങാന്‍ നിര്‍ബന്ധിതരാകരുത്. ചരിത്രത്തിലെ ഏതൊരാളേക്കാളും കൂടുതല്‍ സബ്‌സിഡി ഇലോണിന് ലഭിച്ചിരുന്നിരിക്കാം. എന്നാല്‍ സബ്‌സിഡി ഇല്ലെങ്കില്‍ ഇലോണ്‍ കട അടച്ചിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടി വരും,” ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
”ഇനി റോക്കറ്റ്, ഉപഗ്രഹ വിക്ഷേപണങ്ങളോ ഇലക്ട്രിക് കാര്‍ നിര്‍മാണമോ ഉണ്ടാകില്ല. പണം ലാഭിക്കണം,” ട്രംപ് കൂട്ടിച്ചേര്‍ത്തു
ജൂണ്‍ ആദ്യമായാണ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തെറ്റിപ്പിരിഞ്ഞത്. ട്രംപിന്റെ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ബജറ്റിനെയും നിയമനിര്‍മാണത്തിനുള്ള ചെലവിനെയും ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്.
ബജറ്റിലെ വര്‍ധിച്ചുവരുന്ന കമ്മിയെയും ഇലക്ട്രിക് വാഹന നികുതി ക്രെഡിറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെയും മസ്‌ക് എതിര്‍ത്തു. അടുത്തിടെ ട്രംപ് ഭരണകൂടത്തിനെതിരേ മസ്‌ക് പുതിയ ചില വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ ”ഭ്രാന്ത്” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.