ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്നും ആരോപിച്ച് രജിസ്ട്രാർ ഡോ:കെ.എസ്.അനികുമാറിനെ യൂണിവേഴ്സിറ്റി നിയമ പ്രകാരമുള്ള വിസി യുടെ സവിശേഷ അധികാരം ഉപയോഗിച്ച് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കേരള യൂണിവേഴ്സിറ്റിയിൽ ഗവർണർ വിശ്വനാഥ്ആർലേക്കർ പങ്കെടുത്ത ചടങ്ങിനിടെയുണ്ടായ സംഭവവികാസങ്ങളിൽ രജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് വൈസ് ചാൻസലർ ഗവർണർക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് വിസി യുടെ നടപടി.
ജൂൺ 25-ന് സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ രജിസ്ട്രാറുടെ പെരുമാറ്റം അനുചിതമായിരുന്നെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിലാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും വൈസ് ചാൻസലർ യ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും ഗവർണർക്ക് സമർപ്പിച്ച വിസി യുടെ റിപ്പോർട്ടിൽ പറയുന്നു.
രജിസ്ട്രാർക്ക് “കൃത്യമായ ഉത്തരവാദിത്തബോധം ഉണ്ടായില്ല.” ഒരു മതചിഹ്നത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ, വിശ്വാസയോഗ്യമായ റിപ്പോർട്ടോ ഇല്ലാതെയാണ് രജിസ്ട്രാർ പ്രവർത്തിച്ചത്. രജിസ്ട്രാർ, സെക്യൂരിറ്റി ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ എന്നിവരിൽ നിന്നുള്ള ഒരു റിപ്പോർട്ടിലും ആരോപിക്കപ്പെട്ട ചിഹ്നം എന്താണെന്നോ, അത് ഏത് മതത്തെ പ്രതിനിധീകരിക്കുന്നുവെന്നോ വ്യക്തമാക്കുന്നില്ല. വേദിയിൽ സന്നിഹിതനായിരുന്നിട്ടും, രജിസ്ട്രാർക്ക് താൻ അത്തരമൊരു ചിഹ്നം കണ്ടുവെന്ന് നേരിട്ട് സാക്ഷ്യപ്പെടുത്താനും സാധിച്ചില്ല.
ദേശീയഗാനം ആലപിക്കുമ്പോഴും ഗവർണർ വേദിയിലായിരിക്കുമ്പോഴും ഹാളിനുള്ള അനുമതി റദ്ദാക്കിയ രജിസ്ട്രാറുടെ നടപടി “ധിക്കാരപരമായിരുന്നു വെന്നും പ്രൊഫ. കുന്നുംമ്മൽ റിപ്പോർട്ടിൽ രേഖപെടുത്തിയിരുന്നു.