കോട്ടയം പാതയിൽ ചെങ്ങന്നൂർ മടത്തുംപടിയിൽ റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം കടപുഴകി വീണതിനെത്തുടർന്ന് ഉണ്ടാകേണ്ടിയിരുന്ന വൻദുരന്തം ട്രാക്ക് മെയിന്റനർ ഇ എസ് അനന്തുവിന്റെ സമയോചിതവും പ്രശംസനീയവുമായ ഇടപെടൽ. മരം വീണ സമയത്ത് നാഗർകോവിൽ- കോട്ടയം പാസഞ്ചർ ട്രെയിൻ ട്രാക്കിലുണ്ടായിരുന്നു. മരം വീഴുന്നത് കണ്ട അനന്തു, 600 മീറ്ററോളം പിന്നിലേക്ക് ഓടി സിഗ്നൽ നൽകി ട്രെയിൻ നിർത്തുകയായിരുന്നു. അനന്തുവിന്റെ ഇടപെടൽ മൂലം വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് അധികൃതർ പറയുന്നു,
തിങ്കളാഴ്ച വൈകിട്ട് 6.40ന് ചെറിയനാടിനും ചെങ്ങന്നൂരിനും മധ്യേ പേരിശേരി മഠത്തുംപടി ലവൽക്രോസിനു സമീപം മരം കടപുഴകി വീഴുകയായിരുന്നു. റെയിൽവേയുടെ വൈദ്യുതി ലൈനിന് മുകളിലേക്ക് വീണതിന് പിന്നാലെ ഈ മരത്തിന് തീയുംപിടിച്ചു. നാഗർകോവിൽ – കോട്ടയം പാസഞ്ചർ ട്രെയിൻ ചെറിയനാട്ട് നിന്ന് ചെങ്ങന്നൂരിലേക്ക് പുറപ്പെട്ട ശേഷമാണ് മരം വീണത് ശ്രദ്ധയിൽപെട്ടത്.
മരം വീണത് കണ്ട അനന്തു സ്ഥലത്തുനിന്ന് 600 മീറ്ററോളം പിന്നിലേക്ക് ഓടിയ അനന്തു അപായ സിഗ്നൽ നൽകി ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂറോളം മുടങ്ങിയിരുന്നു. പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരെത്തി ലൈൻ ഓഫ് ചെയ്ത ശേഷം രാത്രി 8 മണിയോടെ അഗ്നിരക്ഷാസേനയെത്തി മരം വെട്ടിമാറ്റി. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ എട്ടരയോടെയും കോട്ടയം ഭാഗത്തേക്കുള്ള ട്രെയിനുകൾ 9.18നും സർവീസ് പുനരാരംഭിച്ചു.