കേരള പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പുലർച്ചെ അദ്ദേഹം ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തി. ഇന്ന് രാവിലെ പോലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച് വെങ്കിടേഷിൽ നിന്ന് റവാഡ ചന്ദ്രശേഖർ ബാറ്റണ്‍ സ്വീകരിച്ചു.രാവിലെ ഏഴ് മണിക്ക് പോലീസ് ആസ്ഥാനത്തെിയ റവാഡ ചന്ദ്രശേഖർ ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം സമർപ്പിച്ചു. തുടർന്നാണ് പോലീസ് ആസ്ഥാനത്തെത്തി ചുമലയേറ്റത്. ചുമതലയേറ്റെടുത്ത ശേഷം ഡിജിപി കണ്ണൂരിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കണ്ണൂർ മേഖല അവലോകന യോഗത്തിൽ പങ്കെടുക്കും.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന റവാഡ ചന്ദ്രശേഖർ കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് എത്തുകയായിരുന്നു.
ഡിജിപിയും സംസ്ഥാന പോലീസ് മേധാവിയുമായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്നലെയാണ് സർവീസില്‍ നിന്നും വിരമിച്ചത്.
ആചാരപരമായ രീതിയില്‍ ഡിജിപിയുടെ വാഹനം കയര്‍ കെട്ടിവലിച്ച് ഗേറ്റില്‍ എത്തിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ യാത്രയാക്കിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, പോലീസ് ആസ്ഥാനത്തെ ജീവനക്കാര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരള കേഡറിൽ 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. സംസ്ഥാനത്തിന്റെ 41ാം പൊലീസ് മേധാവിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. 2026 ജൂലായ് വരെയാണ് അദ്ദേഹത്തിന് സർവീസുള്ളത്.
മന്ത്രിസഭാ യോഗത്തിൽ യുപിഎസ്സി നൽകിയ ചുരുക്കപ്പട്ടികയിലെ ഒന്നാമനായിരുന്ന നിതിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.