ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് 2022 ഡിസംബറിലുണ്ടായ വാഹനാപകടത്തെക്കുറിച്ച് അദ്ദേഹത്തെ അന്നു ചികിത്സിച്ച ഡോക്ടർ ദിൻഷോ പർദിവാല. ഇനി തനിക്ക് ഇനി ക്രിക്കറ്റ് കളിക്കാൻ സാധിക്കുമോ എന്നാണ് ബോധം തെളിഞ്ഞപ്പോൾ ആദ്യം ചോദിച്ചതെന്നു അദ്ദേഹം വെളിപ്പെടുത്തി. രാജ്യാന്തര മാധ്യമത്തോടു പ്രതികരിക്കവേയാണ് അദ്ദേഹം പഴയ കാര്യങ്ങൾ ഓർത്തെടുത്തത്.
പ്രസിദ്ധ ഓർത്തോ സർജനാണ് ഡോ. ദിൻഷോ പർദിവാല. അപകട ശേഷം പന്തിനെ പർദിവാലയുടെ നേതൃത്വത്തിലാണ് ചികിത്സിച്ചത്. ഋഷഭ് പന്ത് നിലവിൽ ഇംഗ്ലണ്ട് പര്യടനത്തിലാണ്. ആദ്യ ടെസ്റ്റിൽ ഇന്ത്യ തോറ്റെങ്കിലും പന്ത് രണ്ടിന്നിങ്സിലും സെഞ്ച്വറി നേടി ചരിത്രമെഴുതിയിരുന്നു.
2022ൽ ഡൽഹിയിൽ നിന്നു ജന്മ നാടായ റൂർക്കിയിലേക്കു പോകുന്നതിനിടെയാണ് പന്ത് ഓടിച്ച വാഹനം ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞത്. തീപിടിച്ച കാറിൽ നിന്നു ഗുരുതര പരിക്കുകളോടെയാണ് പന്തിനെ പുറത്തെടുത്തത്. ജീവൻ വരെ പോകാൻ സാധ്യതയുണ്ടായിരുന്ന ഈ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്.
‘ഋഷഭ് പന്ത് ജീവിച്ചിരിക്കുന്നത് തന്നെ ഒരു മാഹാഭാഗ്യമാണ്. അപകടം പറ്റി അദ്ദേഹം എന്റെയടുത്തെത്തുമ്പോൾ വലതു കാൽമുട്ട് സ്ഥാനം തെറ്റിക്കിടക്കുയായിരുന്നു. കാലിൽ നിറയെ വലതും ചെറുതുമായ മുറിവുകൾ. ചർമത്തിന്റെ മുകൾ ഭാഗം മുഴുവനായും ഇളകി മാറിയിരുന്നു. കാറിൽ നിന്നു പുറത്തെടുക്കുമ്പോൾ ഗ്ലാസിലും മറ്റും ഉരഞ്ഞ് പുറകുവശത്തെ തൊലിയും മാംസവും കുറേ നഷ്ടമായിരുന്നു.’ ഡോക്ടർ പറയുന്നു.
നാഡികൾക്കും രക്ത ധമനികൾക്കും വലിയ പരിക്കില്ലായിരുന്നു. അതു രക്ഷയായി. ബോധം തിരിച്ചു കിട്ടിയപ്പോൾ ഇനി കളിക്കാൻ കഴിയുമോ എന്നണ് പന്ത് ആദ്യം ചോദിച്ചത്. മകൻ ഇനി എഴുന്നേറ്റ് നടക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ അമ്മയുടെ ചോദ്യം.’
‘2023 ജനുവരിയിലാണ് അദ്ദേഹത്തിന്റെ കാൽമുട്ടിനു ശസ്ത്രക്രിയ നടത്തിയത്. 4 മണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. നാല് മാസങ്ങൾക്കു ശേഷം അദ്ദേഹം ക്രച്ചസിന്റെ സഹായമില്ലാതെ നടന്നു തുടങ്ങി. പന്തിനു ക്രിക്കറ്റ് കളിക്കാൻ സാധിക്കുമോ എന്നത് അപ്പോഴും ഉറപ്പു പറയാൻ സാധിച്ചില്ല.’
’18 ആഴ്ചയെങ്കിലും കഴിയാതെ സജീവ ക്രിക്കറ്റിലേക്ക് ഇറങ്ങാൻ സാധിക്കില്ലെന്നു ഞാൻ പന്തിനോടു പറഞ്ഞിരുന്നു. ഡോക്ടർ വ്യക്തമാക്കി.