താരപരിവേഷത്തിൽ തിളങ്ങി നിൽക്കുമ്പോൾ അധോലോകത്തുനിന്ന് തനിക്ക് ക്ഷണം ലഭിച്ചിരുന്നെന്ന് ആമിർ ഖാൻ. പണമുൾപ്പെടെ പല വാഗ്ദാനങ്ങളുമുണ്ടായിരുന്നുവെങ്കിലും അത് നിരസിക്കുകയായിരുന്നുവെന്ന് താരം ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
1990-കളുടെ അവസാനമാണ് ഈ സംഭവം നടക്കുന്നത്. മിഡിൽ ഈസ്റ്റിൽ നടന്ന ഒരു പാർട്ടിയിലേക്കാണ് അധോലോക സംഘാംഗങ്ങൾ തന്നെ ക്ഷണിച്ചതെന്ന് ആമിർ പറഞ്ഞു. പങ്കെടുക്കാൻ കടുത്ത സമ്മർദ്ദമുണ്ടായിട്ടും താൻ വഴങ്ങിയില്ല. വരാൻ വീണ്ടും വിസമ്മതിച്ചപ്പോൾ അവരുടെ സ്വരം മാറിയെന്നും ആമിർ കൂട്ടിച്ചേർത്തു.
“അവർ ഒരുപാട് ശ്രമിച്ചു എന്നെ കൊണ്ടുപോകാൻ . അവർ എനിക്ക് പണം വാഗ്ദാനം ചെയ്തു, ഞാൻ പറയുന്ന ഏതു കാര്യവും ചെയ്തുകൊടുക്കാമെന്നും പറഞ്ഞു. ഞാൻ അപ്പോഴും വരാൻ വിസമ്മതിച്ചു. പാർട്ടിയിൽ ഞാൻ പങ്കെടുക്കുമെന്ന് അതിനകം പ്രഖ്യാപിക്കപ്പെട്ടതിനാൽ വരേണ്ടി വരുമെന്നും ഇത് അന്തസ്സിന്റെ പ്രശ്നമാണെന്നും പറഞ്ഞ് അവർ പെട്ടെന്ന് നിലപാട് മാറ്റി.
ഞാൻ വരില്ലെന്ന് തുടക്കം തൊട്ട് നിങ്ങളോട് പറയുകയാണ്. നിങ്ങൾ വളരെ ശക്തരായതുകൊണ്ട് എന്നെ തല്ലിച്ചതയ്ക്കാം, തലയ്ക്കടിക്കാം, കയ്യും കാലും കെട്ടി, നിങ്ങൾ ആഗ്രഹിക്കുന്നിടത്തേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകാം, പക്ഷേ ഞാൻ സ്വയം വരില്ല എന്ന് പറഞ്ഞു ‘ അങ്ങനെ അതിനുശേഷം അവർ എന്നെ ബന്ധപ്പെടുന്നത് തന്നെ നിർത്തി.” അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ താൻ ശക്തമായ നിലപാടെടുത്തിരുന്നെങ്കിലും അവരെ പേടിയുണ്ടായിരുന്നെന്നും ആമിർ ഓർത്തെടുത്തു. അന്ന് താൻ റീന ദത്തയെ വിവാഹം കഴിച്ചിരിക്കുകയായിരുന്നു. “എനിക്ക് അന്ന് രണ്ട് ചെറിയ കുട്ടികളുണ്ടായിരുന്നു. എന്റെ മാതാപിതാക്കൾക്ക് വലിയ ആശങ്കയുണ്ടായിരുന്നു. അവർ പറഞ്ഞു, നീ എന്താണ് ചെയ്യുന്നത്? അവർ വളരെ അപകടകാരികളാണെന്ന്. പക്ഷേ ഞാനവരോട് പറഞ്ഞു’എനിക്ക് എന്റെ ജീവിതം എനിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കണം. എനിക്ക് അങ്ങോട്ട് പോകാൻ താൽപ്പര്യമില്ല എന്ന്. ” അദ്ദേഹം കൂട്ടിച്ചേർത്തു..