ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം യാഷ് ദയാലിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്. വിവാഹ വാഗ്‌ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്നാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതിയുടെ ആരോപണം. മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലായ ഐജിആര്‍എസിലാണ് യുവതി പരാതി നല്‍കിയത്.
യാഷ് ദയാലുമായി തനിക്ക് അഞ്ച് വര്‍ഷത്തോളം വരുന്ന ബന്ധമുണ്ട് ഇക്കാലയളവില്‍ ഇയാള്‍ തന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്‌തുവെന്നാണ് യുവതിയുടെ ആരോപണം. തന്റെ കുടുംബത്തിന് യാഷ്ത ദയാൽ തന്നെ പരിചയപ്പെടുത്തിയത് മരുമകളെന്ന് പറഞ്ഞാണ്. ഇതുകൊണ്ട് യാതൊരു സംശയവും തോന്നിയില്ലെന്നും താന്‍ അയാളെ വിശ്വസിച്ചുവെന്നും യുവതി പറയുന്നു. എന്നാൽ ഇയാൾക്ക് താനുമായി ബന്ധത്തിലായിരുന്ന സമയത്ത് തന്നെ മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തൽ ഞെട്ടിച്ചുവെന്നും അവർ പറഞ്ഞു.
ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍, വീഡിയോ കോള്‍ വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ തന്‍റെ പക്കല്‍ തെളിവായുണ്ട്. വഞ്ചിക്കപ്പെടുകയാണെന്ന് മനസിലാക്കി പ്രതികരിച്ചപ്പോള്‍ യാഷ് മര്‍ദിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
2025 ജൂണ്‍ 14-ന് വനിതകളുടെ ഹെല്‍പ് ലൈന്‍ നമ്പറായ 181-ല്‍ വിളിച്ച് താന്‍ പരാതിപ്പെട്ടിരുന്നു. അതില്‍ നടപടി ഉണ്ടാവാതെ വന്നതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കുന്നുണ്ട്. അതേസമയം ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ കിരീടം നേടിയ ബെംഗളൂരു ടീമിന്‍റെ ഭാഗമായിരുന്നു യാഷ് ദയാല്‍.