Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

എന്നെ കൊന്നുകളഞ്ഞേക്കൂ, എന്റെ കഞ്ഞിയിലാണ് സാർ പാറ്റയിട്ടത്; സിബി മലയിലിനെതിരെ സംവിധായകൻ എംബി പദ്മകുമാർ, വീഡിയോ

സംവിധായകന്‍ സിബി മലയിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ എംബി പദ്‌മകുമാര്‍. സുരേഷ് ഗോപിയുടെ ‘ജെഎസ്‌കെ’ എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡുണ്ടാക്കിയ പ്രശ്‌നങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച സിബിമലയിലിന്‍റെ വാക്കുകളാണ് പദ്‌മകുമാറിനെ ചൊടിപ്പിച്ചത്. എംബി പദ്‌മകുമാറിന്‍റെ സിനിമയ്‌ക്കും ഇത്തരത്തില്‍ അനുഭവമുണ്ടായെന്നും അതൊരു ചെറിയ സിനിമ ആയിരുന്നുവെന്നും അതിന്‍റെ പേര് മാറ്റി സംവിധായകന്‍ തന്നെ ആ പ്രശ്‌നം പരിഹരിച്ചെന്നുമാണ് സിബി മലയില്‍ പറഞ്ഞത്.

തന്‍റെ സിനിമയെ ചെറിയ സിനിമയെന്ന് സിബി മലയില്‍ പറഞ്ഞതോടെ ഈ സിനിമ പുറത്തിറക്കാന്‍ സഹായിക്കാമെന്നേറ്റ ഡിസ്‌ട്രിബ്യൂട്ടര്‍ പിന്‍മാറി എന്നാണ് പദ്‌മകുമാര്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും തന്‍റെ സിനിമയ്‌ക്ക് പ്രശ്‌നമുണ്ടായപ്പോള്‍ സിനിമ സംഘടനയിലെ നേതാക്കള്‍ ഉള്‍പ്പെടെ പലരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചില്ലെങ്കില്‍ സിനിമ മോശം ആയിപ്പോകുമോ എന്നാണ് സിബി മലയിലിനോട് പദ്‌മകുമാര്‍ ചോദിക്കുന്നത്. ഫേസ്‌ബുക്ക് വീഡിയോയിലായിരുന്നു സംവിധായകന്‍റെ പ്രതികരണം. “എന്നെ കൊന്നു കളയൂ ശ്രീ സിബി മലയിൽ” എന്ന അടിക്കുറിപ്പോടെയാണ് പദ്‌മകുമാര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

“ചില സാഹചര്യങ്ങളെ വിവേകം കൊണ്ടാണ് നേരിടേണ്ടതെന്നും വികാരം കൊണ്ടല്ലെന്നും പലരും പറയാറുണ്ട്. പലപ്പോഴും ഞാനത് ചെയ്യാറുണ്ട്. സിബിമലയിൽ സാറിനോട് ആരു പറഞ്ഞു എന്‍റെ സിനിമ അവാർഡ് സിനിമയാണെന്നും ചെറിയ സിനിമയാണെന്നും. സൂപ്പർ താരങ്ങൾ ഇല്ലെങ്കിലോ വലിയ ബജറ്റുള്ള സിനിമ അല്ലെങ്കിലോ അതൊക്കെ ചെറിയ സിനിമയായി പോകും അല്ലെ സാറേ.

സാർ ആ സിനിമ കണ്ടോ? അല്ലെങ്കിൽ സാർ ആ സിനിമയെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ? ഇത് തന്നയല്ലേ സാറേ സെൻസര്‍ ബോർഡും ചെയ്‌തത്. സിനിമ കാണാതെ അവർ മുൻവിധിയോടു കൂടി പദ്‌മകുമാർ ചെയ്യുന്ന സിനിമയാണ്, ഞാനോ അല്ലെങ്കിൽ സംഘടനയിലുള്ളവരോ സിനിമ ചെയ്‌തില്ലെങ്കിൽ അതൊക്കെ മോശം സിനിമയാകുമെന്ന് കരുതിയല്ലേ സാറേ എന്നെപ്പോലുള്ള സാധാരണക്കാരെ സാർ ഉപദ്രവിക്കുന്നത്. ഞാൻ കഴിഞ്ഞ ഏഴു മാസമായി ഊണും ഉറക്കവും കളഞ്ഞ് കഷ്‌ടപ്പെട്ട് ചെയ്‌തൊരു സിനിമയാണ്.
..വർഷങ്ങളായി സിനിമ സ്വപ്‌നം കണ്ട് നടന്ന ഒരുപാട് പേരുടെ മുഖമാണ് സാറേ..അവരുടെ വയറാണ് സാറേ ആ സിനിമയുടെ കണ്ടന്‍റ്. സൂപ്പർ താരങ്ങൾ ഇല്ലെങ്കിൽ തിയേറ്റിന്‍റെ തിരശീല കിട്ടാൻ വലിയ ബുദ്ധിമുട്ടല്ലേ. ഒരു ഡിസ്ട്രിബ്യൂട്ടറും വരില്ല.

ഞാൻ കഷ്‌ടപ്പെട്ട് ബുദ്ധിമുട്ടി പൈസ കൊടുത്ത് ഡിസ്ട്രിബ്യൂട്ട് ചെയ്യാൻ വേണ്ടി ഒരാളെ അതിന് ഒപ്പിച്ച് വച്ചിരിക്കുകയായിരുന്നു. “നിങ്ങൾ പറഞ്ഞത് ഇത് വലിയ സിനിമയാണ്, പ്രേക്ഷകർ ഇഷ്‌ടപ്പെടും എന്നൊക്കെ പറഞ്ഞിട്ട്, ഇപ്പോ സിബിമലയിൽ പറഞ്ഞല്ലോ അതൊരു ചെറിയ സിനിമ ആണെന്ന്. അവാർഡ് സിനിമയ്ക്ക് ഞാൻ പൈസ മുടക്കുന്നില്ല’’ എന്ന് അദ്ദേഹം പറഞ്ഞു. സാറേ, എന്‍റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!