ഇസ്രയേല്‍-ഇറാന് സംഘര്‍ഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതര്‍. ഇസ്രയേലിനൊപ്പം കൂട്ടുചേര്‍ന്ന് ഇറാനെ ആക്രമിക്കുന്നതിനാണ് നീക്കമെങ്കിൽ അമേരിക്കയുടെ കപ്പലുകളും യുദ്ധക്കപ്പലുകളും ചെങ്കടലില്‍ മുക്കുമെന്നാണ് ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഹൂതി വിമതരുടെ വക്താവ് യഹിയ സരിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഗാസയിൽ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ പലസ്തീനികള്‍ക്ക് പിന്തുണ അറിയിച്ച് ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഒമാന്റെ മധ്യസ്ഥതയില്‍ ഇക്കഴിഞ്ഞ മേയിലാണ് അമേരിക്കയും ഹൂതികളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയത്. ചെങ്കടലിലും ബാബ് അല്‍-മന്ദബ് കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണത്തിലേര്‍പ്പെടില്ലെന്നാണ് കരാര്‍.
അതേസമയം ഇസ്രയേല്‍-ഇറാന് സംഘര്‍ഷം ഒന്‍പതാം ദിവസം പിന്നിടുകയാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ആണവ ശാസ്ത്രജ്ഞന് കൊല്ലപ്പെട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇറാനിയന്‍ പ്രദേശത്ത് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ ശാസ്ത്രജ്ഞന് എയ്താര്‍ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടതായാണ് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ ഇറാനിൽ 15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 30ലേറെ ആയുധങ്ങൾ പ്രയോഗിച്ചതായാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഇറാനിലെ ഇസ്ഫഹാൻ, തെഹ്റാൻ എന്നിവിടങ്ങളിൽ ആകാശത്ത് സ്ഫോടനം ഉണ്ടാകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നജഫബാദ് നഗരത്തിലെ വ്യോമപ്രതിരോധ സംവിധാനം ഇസ്രയേൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതും മാലാഡ് പ്രവിശ്യയിൽ സ്ഫോടനം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്.