2025 ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യ ഫ്ലൈറ്റ് 171 ദുരന്തത്തിന് ശേഷം പല തരം വ്യാജ വീഡിയോകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതിൽ പലതും തെളിവ് സഹിതം പിടിക്കപ്പെട്ടുകഴിഞ്ഞു. ഇപ്പോഴിതാ അക്കൂട്ടത്തിൽ ഒരു വീഡിയോ കൂടി ഇടം നേടിയിരിക്കുകയാണ്, അപകടം നടന്ന സ്ഥലം കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
വിമാനത്തിന്റെ അവശിഷ്ടങ്ങളും പ്രദേശത്തുടനീളം ചിതറിക്കിടക്കുന്ന തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇതിൽ കാണിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ഇത് അഹമ്മദാബാദ് വിമാന അപകടത്തിന്റേതല്ല. പകരം2005-ലെ ടോം ക്രൂയിസ് അഭിനയിച്ച ഹോളിവുഡ് ഇതിഹാസമായ “വാർ ഓഫ് ദി വേൾഡ്സ്” എന്ന ചിത്രത്തിലെ വിമാനാപകട രംഗത്തിനായി ലോസ് ഏഞ്ചൽസിലെ യൂണിവേഴ്സൽ സ്റ്റുഡിയോസ് ഹോളിവുഡിൽ സൃഷ്ടിച്ച ഐക്കണിക് ഫിലിം സെറ്റിന്റേതാണ് വൈറൽ ഫൂട്ടേജുകൾആണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
ഹിലാരി ചുഴലിക്കാറ്റിന്റെ ഫലമായി കാലിഫോർണിയയിൽ ഒരു വിമാനാപകടം ലാൻഡിംഗിന്റെ അനന്തരഫലങ്ങൾ കാണിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് 2023 ലും ഈ വീഡിയോ വൈറലായിരുന്നു.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച 223 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 204 പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഗുരുതര പരിക്കുകളുമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. തിരിച്ചറിഞ്ഞ 223 മൃതദേഹങ്ങളിൽ 168 ഇന്ത്യക്കാരും ഏഴ് പോർച്ചുഗീസുകാരും 36 ബ്രിട്ടീഷ് പൗരന്മാരും ഒരു കനേഡിയൻ പൗരനും പ്രദേശവാസികളായ 11 പേരും ഉൾപ്പെടുന്നു. പത്തനംതിട്ട സ്വദേശി രഞ്ജിതയടക്കം ബാക്കിയുള്ള മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയായില്ല.