ഇറാനെതിരായ പ്രതിരോധത്തിൽ ഇസ്രയേലിന് ആരുടെയും സഹായം വേണ്ടെന്ന് പ ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവ ശേഷി നര്‍വീര്യമാക്കാൻ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇറാനിലെ ഒരു അധികാര മാറ്റം ഔദ്യോഗികമായി ഇസ്രയേൽ ലക്ഷ്യമിടുന്നില്ല. പക്ഷെ ഇപ്പോൾ സംഭവിക്കുന്നതിന്റെയൊക്കെ അന്തിമ ഫലം അതായിരിക്കും. അധികാര മാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങൾ തന്നെ തീരുമാനം എടുക്കട്ടേയെന്നും നെതന്യാഹു പറഞ്ഞു.
ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെടണോ എന്നതിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുകയാണ്. സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും അറിയിച്ചിട്ടുണ്ട്.
ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പുതിയ വിശദീകരണം.
ഇതിനിടെ, ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ സൈനികമായി ഇടപെടരുതെന്ന് അമേരിക്കയോട് റഷ്യ ആവശ്യമുന്നയിച്ചു. റഷ്യൻ വിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെർജി റ്യാബ്കോവാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റഷ്യയുടെ ഇടപെടൽ എന്നത് ശ്രദ്ധേയമാണ്.