സാധാരണഗതിയിൽ വിവാഹത്തിന് മുമ്പ് കുടുംബത്തിന്റെ ചുറ്റുപാട്, സാമ്പത്തികം എന്നിവയൊക്കെയാണ് ആളുകൾ നോക്കാറുള്ളത്. എന്നാൽ ഇതിലുമുപരി മറ്റൊന്ന് നോക്കേണ്ടതുണ്ടെന്നാണ് ഒരു യുവതി പറയുന്നത്. ഭാവി വരന്റെ ഓൺലൈൻ ഹിസ്റ്ററി പരിശോധിച്ച് ഉറപ്പാക്കണം എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ ഇവർ കുറിച്ചിരിക്കുന്നത്. ഇവരുടെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് .
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത 22 -കാരിയായ ഒരു യുവതിയാണ് റെഡ്ഡിറ്റിൽ ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. ‘2025 -ാവുമ്പോൾ അറേഞ്ച്ഡ് മാര്യേജിൽ പെൺകുട്ടികൾ എന്തുകൊണ്ട് ഭാവി വരൻ്റെ ഓൺലൈൻ ചരിത്രം പരിശോധിക്കണം?’ എന്നാണ് ഇവരുടെ പോസ്റ്റിന്റെ തലക്കെട്ട്.
സമൂഹത്തിൽ നല്ല മാന്യമായ മുഖമുള്ള ചില പുരുഷന്മാർ പോലും എത്ര അപകടകാരികളാണ് എന്ന് അവരുടെ ഓൺലൈൻ ഹിസ്റ്ററി പരിശോധിച്ചാൽ മാത്രമാണ് മനസ്സിലാക്കാൻ കഴിയുകയെന്നാണ് അവർ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. അത്തരത്തിൽ ഒരു പരിശോധന നടത്തിയത് കൊണ്ട് താൻ സ്വയം രക്ഷപ്പെട്ടുവെന്നും ഇതുപോലെ മറ്റ് പെൺകുട്ടികളും ചെയ്യണമെന്നും യുവതി കൂട്ടിച്ചേർത്തു.
താനുമായി വിവാഹമുറപ്പിച്ച വ്യക്തി നല്ല ജോലിയുള്ളയാളും സമൂഹത്തിൽ ഉന്നതമായ സ്ഥാനമാനങ്ങൾ വഹിക്കുന്നയാളുമായിരുന്നു എന്നാൽ അയാളുടെ ഡിജിറ്റൽ പശ്ചാത്തലം പരിശോധിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു.
അയാൾ വൈകാരികമായി സ്ഥിരതയില്ലാത്തയാളും നഗ്നചിത്രങ്ങൾ പങ്കുവെക്കുന്നതിലും അശ്ലീല പരാമർശങ്ങൾ നടത്തുന്നതിലും വളരെ തത്പരനുമായിരുന്നുവെന്ന് താൻ കണ്ടെത്തിയെന്ന് യുവതി പറഞ്ഞു.