തൊഴിലിടങ്ങളിലെ പീഡനം മൂലം ജോലി ഉപേക്ഷിക്കുന്നവർ തുടങ്ങി ആത്മഹത്യ ചെയ്യുന്നവർ വരെയുണ്ട്. അതായത് അത്രയും കൂടുതലാണ് ഇന്ന് ജോലിസ്ഥലങ്ങളിലെ പ്രശ്നങ്ങൾ. ഇപ്പോഴിതാ ഒരു സോഫ്റ്റ് വെയർ എൻജിനീയർ തന്റെ ഇത്തരത്തിലുള്ള ഒരു അനുഭവം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഗൂഗിൾ മീറ്റിൽ വെച്ച് തന്റെ മാനേജരിൽ നിന്നും പരസ്യ അപമാനം നേരിടേണ്ടി വന്നുവെന്നും അതിന് പിന്നാലെ നിവൃത്തിയില്ലാതെ രാജി വെക്കുകയായിരുന്നുവെന്നും ശ്രാവൺ ടിക്കു എന്ന അക്കൗണ്ടിൽ വ്യക്തമാക്കുന്നു.
മാനേജരുടെ പീഡനം ഇതാദ്യമായല്ല. എത്ര നന്നായി ജോലി ചെയ്താലും അൽപ്പം പോലും പ്രശംസിക്കില്ല. മാത്രമല്ല എപ്പോഴാണ് ഇയാൾ അപമാനിക്കുന്നതെന്ന് പറയാനും സാധിക്കില്ല. ആ പ്രഷറിന് കീഴിലാണ് ജോലി തുടർന്നത്. കൂടാതെ രാത്രി വളരെ വൈകിയുള്ള കോളുകളും സംശയങ്ങൾ മനപൂർവ്വം പരിഹരിച്ച് നൽകാതെ ഇരിക്കുന്നതുമൊക്കെ തന്നെ വല്ലാത്ത മാനസികാവസ്ഥയിലേക്ക് തള്ളിവിട്ടുവെന്ന് ശ്രാവൺ പറയുന്നു.
കൂടാതെ അവസാനം ഈ സ്ഥാപനത്തിൽ നിന്നും രാജിവെക്കാൻ തീരുമാനിച്ച അവസരത്തിലും തനിക്ക് കടുത്ത പരിഹാസം നേരിടേണ്ടി വന്നതായി ശ്രാവൺ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ഇനി ഇവിടെ തുടരുന്നില്ലെന്ന് അറിഞ്ഞപ്പോൾ പുച്ഛത്തോടെയും പരിഹാസത്തോടെയും ഇനി പോകുന്ന സ്ഥലത്ത് നിങ്ങൾക്ക് കൂടുതൽ കാലം നിൽക്കാൻ കഴിയട്ടെ എന്ന ആശംസയാണ് മാനേജർ പറഞ്ഞതെന്നും ഇദ്ദേഹം ആരോപിക്കുന്നു.
നിരവധിപേരാണ് ശ്രാവണിന്റെ ഈ പോസ്റ്റിന് മറുപടി നൽകി രംഗത്തുവന്നത്. ശ്രാവൺ, ഈ പോസ്റ്റ് വളരെ വേദനാജനകമാണ്. നല്ല നേതൃത്വത്തിന്റെ അഭാവം ഒരാളുടെ ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും എങ്ങനെ ആഴത്തിൽ ബാധിക്കുമെന്ന് കാണുന്നത് ഹൃദയഭേദകമാണ്. നേതാക്കളെന്ന നിലയിൽ, നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം ആളുകൾക്ക് വിലപ്പെട്ടതും സുരക്ഷിതവുമാണെന്ന് തോന്നുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണെന്ന് ഒരു ഉപയോക്താവ് എഴുതി. പിന്നാലെ നിരവധി പേർ ഇതിനെ പിന്താങ്ങി.